കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറെ വിവാദമായ ചിത്രത്തിന് ”ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം പാലിച്ചില്ല, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയത്.
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ‘ഈശോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ചിത്രത്തിന് പേര് നിഷേധിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദം അടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ ഒ ടി ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിനെ ഇവർ എതിർത്തിട്ടില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വിശ്വാസികളെ വൃണപ്പെടുത്തുന്ന നിലപാടിനെതിരേ ശക്തമായ വികാരമാണ് ഉയർന്നത്. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവുമുയർന്നത്. ചിത്രത്തിനെതിരേ നിരവധി ക്രിസ്ത്യന്‍ സംഘടനകളും വിശ്വാസികളും രംഗത്തെത്തിയിരുന്നു.