കൊച്ചി: കേരളത്തില്‍നിന്ന് കര്‍ണാടക അതിര്‍ത്തി കടക്കാന്‍ കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി 27 നു പരിഗണിക്കാനായി മാറ്റി. ഹര്‍ജികളില്‍ വിശദീകരണം നല്കാന് കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്.
അതിര്‍ത്തി കടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനയ്ക്കെതിരേ മഞ്ചേശ്വരത്തെ എംഎല്‍എ എ.കെ.എം. അഷറഫ്, പൊതുപ്രവര്‍ത്തകനായ കെ.ആർ. ജയാനന്ദ എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഉത്തരവ് പൂര്‍ണമായും പാലിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചു.