ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും നിർബന്ധം; ഡ്രോൺ ഉപയോഗത്തിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ.

ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇനിമുതൽ രജിസ്ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. മേഖലകൾ തിരിച്ചുള്ള ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചട്ടത്തിൽ പറയുന്നു.

ഡ്രോണുകൾ വാടകയ്ക്ക് നൽകുമ്പോഴും ഈ വ്യവസ്ഥകൾ കർശനമായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ.