ന്യൂഡെല്‍ഹി: താലിബാന്റെ ഭാഗത്ത് നിന്നും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് സൈന്യം പ്രയോഗിക്കുന്ന അതേരീതികള്‍ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്ഗാനിസ്താനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയില്‍ തന്നെ നേരിടും. ഇന്തോ-പസഫിക് അഫ്ഗാന് സാഹചര്യം എന്നിവ ഒരേ രീതിയില്‍ നോക്കി കാണാനാവില്ല. അത് രണ്ടും വ്യത്യസ്ത പ്രശ്നങ്ങളാണ്.
ഇന്തോ-പസഫിക് അഫ്ഗാന് സാഹചര്യം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണ്. എങ്കിലും സമാന്തരമായി പോകുന്ന രേഖകളാണ് ഈ രണ്ട് പ്രശ്നങ്ങളെന്നും അവ ഒരിക്കലും കൂട്ടിമുട്ടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് താലിബാന് വിഷയത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പ്രസ്താവന നടത്തുന്നത്.
അഫ്ഗാനിസ്താനില്‍ ഇന്ത്യക്ക് വലിയ രീതിയില്‍ നിക്ഷേപമുണ്ട്. താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്മാരെ വ്യോമസേന വിമാനങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നു.