പാരാലിംപിക്‌സിന് ഇന്ന് ടോക്യോവില്‍ തുടക്കം; 54 അംഗ സംഘവുമായി ഇന്ത്യയും

ടോക്യോ: പാരാലിംപിക്‌സിന് ഇന്ന് ടോക്യോവില്‍ തുടക്കമാകും. നമുക്ക് ചിറുകുകളുണ്ടെന്ന സന്ദേശവുമായി തുടങ്ങുന്ന പാരാലിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നാലരയ്ക്കാണ് ആരംഭിക്കുക.

54 അത്‌ലറ്റുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. ആര്‍ച്ചറി, അത്‌ലറ്റിക്‌സ് (ട്രാക്ക് ആന്റ് ഫീല്‍ഡ്), ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിലെല്ലാം താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

റിയോയില്‍ നടന്ന പാരാലിംപിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലുവാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക. കഴിഞ്ഞ തവണ 19 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകള്‍ റിയോയില്‍ ഇന്ത്യ നേടിയിരുന്നു.

ഇതായിരുന്നു പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇത്തവണ അതിലും മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ മടങ്ങിയത്. പാരാലിംപിക്‌സിലും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പാരാലിംപിക്‌സില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 4400 അത്‌ലറ്റുകളുമാണ് മത്സരത്തിനിറങ്ങുന്നത്. ബാഡ്മിന്റണും തെയ്‌ക്വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്ക്യോ പാരാലിംപിക്സില്‍ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ ടീം പിന്‍മാറിയെങ്കിലും ഉദ്ഘാടന ചടങ്ങില്‍ അഫ്ഗാന്‍ പതാക ഉള്‍പ്പെടുത്തും. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍ പങ്കെടുക്കും.