കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ട്; എന്നാൽ വഴി മുടക്കരുത്: സർക്കാർ പരിഹാരം കാണണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. എന്നാൽ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങൾ നടത്താൻ അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.

കർഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു. കർഷകരുടെ സമരം കാരണം ഡെൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നും നഗരത്തിലെ പല വഴികളും തടസ്സപ്പെടുന്നുവെന്നും കാണിച്ച് നോയിഡ സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. പല ഘട്ടങ്ങളിലും റോഡ് ഉപരോധവും നടന്നിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാരൻ പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.