കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിച്ചെടുത്ത മൂന്ന് ജില്ലകള്‍ അഫ്ഗാന്‍ പ്രതിരോധ സേന തിരിച്ചു പിടിച്ചു. രാജ്യതലസ്ഥാനമായ കാബൂള്‍ കീഴടക്കുകയും അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെടുകയും ചെയ്ത താലിബാന് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. താലിബാന് ഇനിയും വഴങ്ങാത്ത ചുരുക്കം ചില മേഖലകളിലാണ് താലിബാന് നിയന്ത്രണം കൈവിട്ടത്.
ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് താലിബാന്റെ കൈയ്യില്‍ നിന്ന് തിരിച്ചു പിടിച്ചതായി പ്രതിരോധ സേന വ്യക്തമാക്കുന്നത്. ഖൈര്‍ മുഹമ്മദ് ആന്ദറാബിയുടെ നേതൃത്വത്തിലുള്ള പ്രതിരോധസഖ്യമാണ് ഈ മേഖലകളില്‍ നിന്ന് താലിബാനെ തുരത്തിയത്. നാല്‍പതോളം താലിബാന്‍ ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ അസ്വാക പറയുന്നു. താലിബാന്റെ പ്രവര്‍ത്തനം പൊതുനന്മ മുന്‍നിര്‍ത്തിയല്ലെന്നാണ് പ്രതിരോധ സേനയുടെ വിമര്‍ശനം.
താലിബാനെ പുറത്താക്കിയ സന്തോഷത്തില്‍ ആളുകള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് അഫ്ഗാന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വെള്ളിയാഴ്ചയോടു കൂടിയാണ് പോല്‍ ഐ ഹെസാര്‍ ജില്ല താലിബാനില്‍ നിന്ന് പ്രതിരോധ സേന തിരിച്ചു പിടിച്ചത്. ചരിത്രപരമായി താലിബാനെ എതിര്‍ത്തു നില്‍ക്കുന്ന പഞ്ച്ശീര്‍ താഴ്‌വരയോടു ചേര്‍ന്ന് കാബൂളിന്റെ വടക്കുഭാഗത്താണ് ഈ ജില്ലയുടെ സ്ഥാനം.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ഈ പ്രദേശം വ്യത്യസ്തമാണ്. അതേസമയം, പല വിദേശരാജ്യങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കുകയും വ്യാപാരരംഗത്ത് രാജ്യം ഒറ്റപ്പെടുകയും ചെയ്തതോടെ താലിബാനിലെ സാമ്പത്തികരംഗം തകിടം മറിഞ്ഞ നിലയിലാണ്. ജനസംഖ്യയില്‍ മൂന്നിലൊന്നു പേരും ഗുരുതരമായ പട്ടിണിയിലാണെന്നാണ് യുഎന്‍ അനുമാനം.
ആഗോള താപനത്തിന്റെ ഭാഗമായുണ്ടാകുന്ന വരള്‍ച്ചയ്ക്കു പുറമെയാണ് നിലവിലെ സ്ഥിതി. ഇതിനിടെ കാബൂള്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും താലിബാനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പല പ്രക്ഷോഭങ്ങളും താലിബാന്‍ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.