ബംഗാളിലെ അക്രമം; സിബിഐ അന്വേഷിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാനാണ് ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണമെന്നും അക്രമ സംഭവങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ബംഗാൾ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. മമതാ ബാനർജിക്ക് കനത്ത തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളുടെ അന്വേഷണം സിബിഐക്ക് വിടുന്നതായി കൊൽക്കത്ത ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ എഫ്.ഐ.ആറുകളും സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ബംഗാൾ സർക്കാരിനോട് നിർദേശിച്ചു.

ഇത് ഒഴികെയുള്ള മറ്റ് കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് കൊൽക്കത്ത ഹൈക്കോടതി രൂപം നൽകി. പശ്ചിമ ബംഗാൾ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുക. ആറ് അഴ്ചക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘവും സിബിഐയും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനെത്തുടർന്ന് നടന്ന ആക്രമണങ്ങളിൽ ആളുകൾ ആക്രമിക്കപ്പെടുകയും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതായും പൊതുതാൽപര്യ ഹർജികളിൽ ആരോപിച്ചിരുന്നു.