പത്തനംതിട്ട: ആങ്ങമൂഴിയില്‍ കക്കാട്ടാറിൻ്റെ കൈവഴിയിലൂടെ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗൂഡ്രിക്കല്‍ വനം റേഞ്ചില്‍ ഗവി റോഡില്‍ ആങ്ങമൂഴി – കൊച്ചാണ്ടിയിൽ രണ്ടു വയസ്സുള്ള പിടിയാനകുട്ടി കക്കാട്ടാറിൻ്റെ കൈവഴിയിലൂടെ ഒഴുകിയെത്തിയത്.
കൂട്ടം തെറ്റി വന്നതാകാമെന്ന് കരുതുന്നു. കക്കാട്ടാറിൻ്റെ കൈവഴിയിലെ തോട്ടിലൂടെ ഒഴുകി കുഴിയില്‍ വീഴുകയായിരുന്നു.
നാട്ടുകാരാണ് ആനക്കുട്ടി ഒഴുകി വരുന്നത് ആദ്യം കാണുന്നത്.
സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കോന്നിയില്‍ നിന്നും വനം വെറ്റിനറി ഡോക്ടറെത്തി ആനയ്ക്കു പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം വനം വകുപ്പിൻ്റെ കൊച്ചാണ്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ആനക്കുള്ള തുടര്‍ ചികില്‍സകളും മറ്റും നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.