ജസ്റ്റിസ് നാഗരത്‌ന ആദ്യ വനിത ചീഫ് ജസ്റ്റീസ് ആയേക്കും ; ഒമ്പത് ജഡ്ജിമാരെ ശുപാര്‍ശ ചെയത് സുപ്രീം കോടതി കൊളീജിയം; പട്ടികയില്‍ മൂന്ന് വനിതകളും

ന്യൂഡെല്‍ഹി: ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയം ഒമ്പത് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു. പട്ടികയില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. കേരളാ ഹൈക്കോടതി ജഡ്ജി സിടി രവികുമാറും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയിലുണ്ട്. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമത്തെയാളാണ് ജസ്റ്റീസ് സി ടി രവികുമാര്‍.

ആദ്യമായാണ് കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മൂന്ന് വനിത ജഡ്ജിമാര്‍. ഇതില്‍ ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസാകാനുള്ള സാധ്യതയും ഉണ്ട്.അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് നാഗരത്‌ന.

ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. 2019 മാര്‍ച്ച് മുതല്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് നരിമാന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ കുറേഷി എന്നിവര്‍ ഒഴികെയുള്ള പേരുകളില്‍ സമവായം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവരേയുമാണ് ആദ്യം ശുപാര്‍ശ ചെയ്തത്.

കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റീസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റീസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജ്ഡ്ജി എംഎം സുന്ദരേശ് എന്നിവരാണ് സ്ഥാനക്കയറ്റത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്ത മറ്റുള്ളവര്‍.

ജസ്റ്റിസ് ഓഖയാണ് രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ജഡ്ജ്. കൊറോണ മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ബോംബെ ഹൈക്കോടതി ജഡ്ജായിരുന്ന അദ്ദേഹം അതിഥി തൊഴിലാളികളുടെ സുരക്ഷക്കായി വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കൊറോണയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു.

ഗുജറാത്തില്‍ കൊറോണ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴച സംഭവിച്ചപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായിരുന്നു. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലായിരുന്നു ഉത്തരവുകള്‍. ആശുപത്രി കിടക്കകളുടെ അഭാവവും മരുന്നുകളുടെ ലഭ്യതയും ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. കൊറോണ പ്രതിസന്ധിയെക്കുറിച്ചുള്ള വിചാരണകള്‍ യൂട്യൂബില്‍ സ്ട്രീം ചെയ്തു.

ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് മഹേശ്വരിക്ക് കഴിഞ്ഞ ഡിസംബറിലാണ് സിക്കിമിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുപ്രീം കോടതയിലെ മുതിര്‍ന്ന ജഡ്ജ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി ആരോപിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ജസ്റ്റിസ് എംഎം സുന്ദരേഷ് മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജും. ശുപാര്‍ശകള്‍ അംഗീകരിക്കുകയാണെങ്കില്‍ സുപ്രീം കോടതിയിലെ ഒഴിവുകള്‍ നികത്താം. ആകെ ജഡ്ജിമാരുടെ എണ്ണം 33 ആയും ഉയരും. ജസ്റ്റിസ് നവീന്‍ സിന്‍ഹ വിരമിക്കുന്നതിനാല്‍ ഒരു ഒഴിവ് കൂടി ഉണ്ടാകും.