ലണ്ടന്‍: ലോഡ്‌സില്‍ ഇംഗ്ലണ്ടിനെ ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും തകര്‍ത്തെറിഞ്ഞ് ഇന്ത്യ. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ വീറും വാശിയും നിറഞ്ഞുനിന്ന ഒരു മത്സരത്തിനൊടുവില്‍ ഇന്ത്യ 151 റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. വിഖ്യാതമായ ലോര്‍ഡ്സ് മൈതാനിയില്‍ അവസാന ദിവസം സമനിലയ്ക്കുവേണ്ടി ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും, ഇഷാന്ത് ശര്‍മയും, മുഹമ്മദ് സിറാജും ഇന്ത്യയ്ക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ നേടിയ 89 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകിയത്. ഷമി 56 റണ്‍സെടുത്തും ബുംറ 34 റണ്‍സെടുത്തും പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സില്‍ 250 റണ്‍സിലേറെ നേടേണ്ടതിനാല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ഇംഗ്ലണ്ടിന് ഇന്ത്യന്‍ പേസര്‍മാരെ ചെറുത്തുനില്‍ക്കാനായില്ല. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 364 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 298 റണ്‍സുമെടുത്തു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 391 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി.
വിശകലനവിദഗ്ധരേയും ഫലം പ്രവചിച്ചവരേയും എല്ലാം അപ്രസക്തരാക്കിയ വിജയമാണ് ലോഡ്‌സില്‍ ഇന്ത്യ നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ലീഡ് നേടി. ആറിന് 181 റണ്‍സുമായി അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഋഷഭ് പന്തിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. അവിശ്വസനീയ ചെറുത്തു നില്‍പ്പിലൂടെ ഒന്‍പതാം വിക്കറ്റില്‍ 120 പന്തില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് ഷമി – ജസ്പ്രീത് ബുമ്ര എന്ന അപരാജിത സഖ്യത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ തുടങ്ങിയിരുന്നു ഇംഗ്ളണ്ടിന്റെ പരാജയം. ഷമി 70 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തപ്പോള്‍ 64 പന്തില്‍ 34 റണ്‍സുമായി ബുംറ പിന്നാലെയെത്തി. ടെസ്റ്റ് കരിയറില്‍ ഷമിയുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ഇരുവരുടേയും മികച്ച സ്‌ക്കോറുകളുമാണിത്. ഇവരുടെ മികവില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
272 റണ്‍സ് എന്ന മോഹിപ്പിക്കുന്ന വിജയലക്ഷ്യം നേടാനിറങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ പിഴച്ചു. ബാറ്റിങ്ങിലെന്ന പോലെ ബൂംറയും ഷമിയും ബൗളിങ്ങിലും തിളങ്ങിയതോടെ ഇംഗ്ലണ്ട് ടീമിന് പവലിയനിലേക്ക് മടങ്ങാന്‍ അധിക സമയം വേണ്ടിവന്നില്ല. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ വെറും ഒരു റണ്ണിനിടെ പുറത്താക്കി. 60 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സുമായി ചെറുത്തു നിന്ന സെഞ്ചുറി വീരന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ ബൂംറയുടെ ബൗളിംഗില്‍ വിരാട് കോലി പിടിച്ചു പുറത്താക്കി. റൂട്ടു തന്നെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
കപില്‍ ദേവിനും, ധോണിക്കും ശേഷം ലോര്‍ഡ്സില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനാണ് കോലി. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായ കെഎല്‍. രാഹുലാണ് കളിയിലെ കേമന്‍. ടെസ്റ്റിന് ആദ്യ ദിനം മുതല്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്ന് പരിഹാസവും അധിക്ഷേപവും നേരിടേണ്ടി വന്ന ഇന്ത്യയ്ക്ക് അതിനും കൂടിയുള്ള മറുപടിയായി ലോഡ്‌സിലെ വിജയം. കെ എല്‍ രാഹുലിനെതിരെ കാണികള്‍ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞതടക്കമുള്ള പരിഹാസങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നു.
ഇന്ത്യ മിന്നും വിജയം നേടിയതോടെ ലോര്‍ഡ്സ് ഞങ്ങളുടേതാണെന്നും അതിങ്ങെടുക്കുകയാണെന്നും ചില ആരാധകര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് മത്സരങ്ങളിലൊന്നാണ് ഇതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പ്രതികരിച്ചു. ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള മുന്‍ കളിക്കാരും ഇന്ത്യന്‍ വിജയത്തെ പുകഴ്ത്തി രംഗത്തെത്തി. മൈതാനത്തിനകത്ത് ഇംഗ്ലണ്ട് കളിക്കാര്‍ പുറത്തെടുത്ത ചീത്തവിളികള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണിതെന്നാണ് ആരാധകരില്‍ ഭൂരിഭാഗത്തിന്റേയും പ്രതികരണം.