കാബൂൾ: താലിബാന് ഭീകരർ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും ഹിന്ദു, സിഖ് വിഭാഗക്കാരെ ഇന്ത്യയിലേക്ക് എത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കാബൂളില്‍ നിന്നും വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇവരെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ദിനംപ്രതി വഷളാവുകയാണ്. അവിടുത്തെ സിഖ്, ഹിന്ദു വിഭാഗങ്ങളിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാന് വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യങ്ങള്‍ ഒരുക്കും. പരസ്പര വികസനം, വിദ്യഭ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നമ്മുടെ പങ്കാളികളായ നിരവധി അഫ്ഗാനികളുണ്ട്. രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ബാഗ്ചി വ്യക്തമാക്കി.
അഫ്ഗാനിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ചതാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടിയെ തടസപ്പെടുത്തിയത്. സര്‍വീസ് പുനഃസ്ഥാപിക്കുന്നതോടെ ഒഴിപ്പിക്കല്‍ നടപടി പുനഃരാരംഭിക്കും. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അടിയന്തര സഹായത്തിന് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു.