ആലപ്പുഴ: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം വ്യാപാരികള്‍ നിരസിക്കുന്നു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കമ്പനികള്‍ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. കാര്‍ഡു വേണമെന്നു നിര്‍ബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവര്‍ പോലുമറിയാതെ ചില വ്യാപാരികള്‍ അടിച്ചേല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ കാര്‍ഡുവഴി നടത്തുമ്പോള്‍ ആയിരം രൂപ മുതല്‍ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികള്‍ നല്‍കേണ്ടി വരുന്നത്. ഇതു പലര്‍ക്കും വലിയ ബാധ്യതയാകുകയും ലാഭത്തില്‍ വലിയ തോതില്‍ കുറവുവരുകയും ചെയ്യുന്നു.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം തുടക്കത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.