തിരുവനന്തപുരം: അനധികൃത മരംമുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെതിരെ വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിൻ്റെ റിപ്പോർട്ട്. മരംമുറിക്കാൻ റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്ലേജ് ഓഫിസര്‍ മുതല്‍ തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മരംകൊള്ളയ്ക്ക് കൂട്ടുനിന്നതിന്റെ കണക്കുകള്‍ സഹിതമാണ് റിപ്പോർട്ട്.
വനം വകുപ്പ് വിജിലന്‍സ് വിഭാഗം മേധാവി ഗംഗാ സിംഗ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് മരംമുറിക്കലിൽ റവന്യൂ വകുപ്പിന്റെ പങ്ക് കൃത്യമായി പറഞ്ഞിരിക്കുന്നത്. മരംമുറിക്കലിന്റെ ഉത്തരവും അനുമതിയും റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് നൽകിയിരുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട വീഴ്ച റിപ്പോർട്ടിൽ പറയുന്നില്ല.
ഉപാധികളോടെ പട്ടയം നല്‍കിയ ഭൂമിയില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുട്ടിൽ മരം മുറിയുടെ ഉത്തരവാദി മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറാണെന്നും വയനാട്ടില്‍ ഈട്ടിയാണെങ്കില്‍ മറ്റുള്ള ജില്ലകളില്‍ പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയത് തേക്ക് മരങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.