മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് പാർട്ടി വിട്ടു; തൃണമൂലിലേക്കെന്ന് സൂചന

ന്യൂഡെൽഹി; മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എം.പിയുമായ സുഷ്മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാർട്ടി വിട്ടതായി വ്യക്തമായത്. രാജി നൽകിയതിന് പിന്നാലെ സുഷ്മിത ഇന്ന് കൊൽക്കത്തയിലെത്തും. ഇതോടെ സുഷ്മിതാ തൃണമൂൽ കോൺഗ്രസിലേക്കാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലവിലുണ്ട്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയുമായി തിങ്കളാഴ്ച സുഷ്മിത കൂടിക്കാഴ്ച നടത്തിയേക്കും. ഇതോടെയാണ് സുഷ്മിത തൃണമൂലിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടമൊരുങ്ങാൻ കാരണം. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിർണയം മുതൽ നേതൃത്വവുമായി സുഷ്മിത ഭിന്നതയിലായിരുന്നു.

പാർട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാർട്ടി വിടുന്നതിന്റെ കാരണം സുഷ്മിതാ പറയുന്നില്ല. ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് ഒപ്പം സുഷ്മിതയുടെ അടക്കം ട്വിറ്റർ അക്കൗണ്ടിന് പൂട്ട് വീണിരുന്നു

രാഹുൽ ഗാന്ധി പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അവരുടെ ചിത്രമുള്ള പോസ്റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരുന്നു