തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 34 സ്ത്രീധന പീഡന മരണങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. 34 സംഭവങ്ങളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.
2018 മുതൽ 2020 വരെയുള്ള കണക്കുകളും, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുമാണ് മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചിരിക്കുന്നത്. 34 കേസുകളിൽ 20 എണ്ണത്തിലാണ് പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (ബി) വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ പ്രതികൾക്കെതിരെ ഇതുവരെ നിയമനടപടിയുണ്ടായിട്ടില്ല.
2018 ൽ സ്ത്രീധന പീഡനത്തെ തുടർന്നുള്ള 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2019 ൽ 10 ഉം, 2020 ൽ ആറ് മരണങ്ങളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാന വനിതാ കമ്മീഷന് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ലഭിച്ച പരാതികളിൽ വളരെ കുറച്ച് എണ്ണം മാത്രമാണ് കമ്മീഷൻ ഇടപെട്ട് പരിഹരിച്ചത്.