കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് പാക് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്സായ്. “ആഗോള, പ്രാദേശിക ശക്തികള്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടണം. അടിയന്തിര മാനുഷിക സഹായം നല്‍കുകയും അഭയാര്‍ത്ഥികളെയും സാധാരണക്കാരെയും സംരക്ഷിക്കുകയും വേണം,” മലാല ട്വീറ്റ് ചെയ്തു.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും മലാല കുറിച്ചു.
താലിബാന്‍ ഒന്നിനുപുറകെ ഒന്നായി അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപ്പോഴും, യുഎസ് സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ആശങ്കയിലായപ്പോഴും ഒരു വാക്കുപോലും പറയാത്തതിന് മലാല നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു.
പ്രസിഡന്റ് അഷ്റഫ് ഗാനി രാജിവച്ചതോടെയും, രാജ്യം താലിബാന്റെ കൈകളില്‍ അകപ്പെട്ടതിന് ശേഷവുമായിരുന്നു മലാലയുടെ പ്രതികരണം .
അതേ സമയം മലാല മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഇസ്ലാമിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ട് . അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ മികച്ച കൈകളിലാണെന്നും , താലിബാന്‍ ഭീകരര്‍ മികച്ച മുസ്ലീങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു.