കാബൂള്‍: നിരന്തര ആക്രമണങ്ങളിലൂടെ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ തലസ്ഥാനമായ കാബൂളിന് തൊട്ടരികെ എത്തിയതായി റിപ്പോര്‍ട്ട്. കാബൂളിന് 11 കിലോമീറ്റര്‍ അടുത്ത് വരെ താലിബാന്‍ എത്തിയതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രാജ്യത്തെ 34 പ്രവിശ്യകളില്‍ 18 ഉം ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്.
ഏറ്റവും ഒടുവിലായി പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഷരാനയും താലിബാന്‍ പിടിച്ചടക്കി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാന പട്ടണമായ മസരി ഷരീഫിലും താലിബാന്‍ ആക്രമണം ശക്തമാക്കി. കാബൂളിന് 40 കിമീ അകലെയുള്ള മൈദാന്‍ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.
താലിബാന്‍ കാബൂള്‍ നിയന്ത്രണത്തിലേയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും നഗരത്തില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ബ്രിട്ടന്‍ സ്വന്തം പൗരന്‍മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാന്‍ 600 ട്രൂപ്പുകളെ അയച്ചു കഴിഞ്ഞു.
ഇതിനിടെ താലിബാന്‍ രാജ്യത്തെ പ്രധാന റേഡിയോ സ്റ്റേഷനും കയ്യടക്കി. താലിബാന്‍ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് സ്റ്റേഷന്‍ പിടിച്ചെടുത്തതായി അവകാശപ്പെടുന്നത്. സ്റ്റേഷന്റെ പേര് ‘വോയ്സ് ഓഫ് ശരീഅ’ എന്നാക്കി മാറ്റിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വാര്‍ത്തകളും രാഷ്ട്രീയ വിശകലനങ്ങളും സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ച താലിബാന്‍ ഖുര്‍ആന്‍ പാരായണവുമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ നിന്നും ഇനി മുതല്‍ പാട്ടുകളോ മറ്റു സംഗീത പരിപാടികളോ സംപ്രേക്ഷണം ചെയ്യില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സ്റ്റേഷനിലെ നിലവിലെ ജീവനക്കാരെ സംബന്ധിച്ച് വ്യക്തതയില്ല. ഇതാദ്യമായിട്ടാണ് ഒരു പ്രധാന നഗരത്തിലെ റേഡിയോ സ്റ്റേഷന്‍ താലിബാന്റെ പരിധിയില്‍ വരുന്നത്. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.
അതേസമയം താലിബാനെതിരേ പ്രതിരോധം ശക്തമാക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. സുരക്ഷാസേനയെ പുനസംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു.
അഫ്ഗാന്‍ ജനതയ്ക്കുമേല്‍ യുദ്ധം അടിച്ചേല്‍പിക്കാനില്ല. അഫ്ഗാന്‍ സേനയെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അഷ്‌റഫ് ഗനി പറഞ്ഞു.
‘നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ ഗൗരവമേറിയ നടപടികള്‍ എടുക്കും.’ അഷ്റഫ് ഗാനി പറഞ്ഞു.
ഇതോടെ അഫ്ഗാനിസ്ഥാന്‍ താലിബാനോട് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമായി കഴിഞ്ഞു.
രാജിവെച്ച് പിന്മാറില്ലെന്നും ഗാനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ശക്തമായ മുന്നേറ്റം നടത്തുന്ന സാചര്യത്തില്‍ അഷ്റഫ് ഗാനി രാജിയ്ക്കൊരുങ്ങുന്നു എന്ന തരത്തില്‍ നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.