കണ്ണൂർ: നിയമ ലംഘനത്തിന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയ യൂട്യൂബർമാരുടെ കാരവാൻ ‘നെപ്പോളിയൻ’ കോടതിയിൽ ഹാജരാക്കാൻ ടൗൺ പോലീസ്. വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്നും അത് നിയമപരമായിരുന്നോ എന്നും പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം ആർ.ടി.ഒ കൺട്രോൾ റൂമിൽ യൂട്യൂബർമാരായ എബിനും ലിബിനും നടത്തിയ അതിക്രമങ്ങൾക്ക് അടിസ്ഥാനമായത് ഈ വാഹനമായതുകൊണ്ടാണ് ഹാജരാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
സുൽത്താൻബത്തേരിയിലെ ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനം വൻതുക ചെലവിട്ട് എറണാകുളത്ത് കൊണ്ടുപോയാണ് കാരവനാക്കിയത്. രണ്ടുകോടിയെന്നാണ് യൂട്യൂബർമാർ അവരുടെ ചാനലിൽ അവകാശപ്പെട്ടത്. കാരവാനാക്കാമെന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാണ് കഴിഞ്ഞ കൊല്ലം നവംബർ 18-ന് ബത്തേരി ആർടിഒ ഓഫീസിൽ രജിസ്റ്റർചെയ്തത്.
പിന്നീട് ഇത് എബിന്റെ പേരിലാക്കി ഇരിട്ടി ആർടിഒ ഓഫീസിൽ ഈവർഷം മാർച്ച് രണ്ടിന് രജിസ്റ്റർചെയ്യുകയായിരുന്നു. ഈ വാഹനത്തിലെ യാത്രയുടെ പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ 15 ലക്ഷത്തോളം ആരാധകരെ ആകർഷിച്ചത്. കോടതി നടപടി പൂർത്തിയായി വാഹനം തിരികെക്കിട്ടാൻ സമയം പിടിച്ചേക്കും.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത വിലകൂടിയ നാല് ഫോണുകളും ഒരു വെബ്ക്യാമും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ആരാധകരോട് ആർടിഒ ഓഫീസിലെത്താൻ ആഹ്വാനം ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
രണ്ടുമാസത്തേക്കോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ എല്ലാ ബുധനാഴ്ചയും ടൗൺ സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥപ്രകാരം എബിനും ലിബിനും ബുധനാഴ്ച ടൗൺ സ്റ്റേഷനിൽ ഹാജരായി. ഇവരെ ചോദ്യംചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം, ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
അതേസമയം, പ്രതികളുടെ കിളിയന്തറ വിളമനയിലെ വീടിന്റെ ഭിത്തിയിൽ ഇരിട്ടി ആർടിഒ കാരണം കാണിക്കൽ നോട്ടീസ് പതിച്ചു. പ്രതികളുടെ വാഹനത്തിൽ കണ്ടെത്തിയ ഒൻപത് അപാകതകൾക്ക് ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.