ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും നീരജ് ചോപ്രയ്ക്ക് നേട്ടം.
ഒളിമ്പിക്സിനു മുമ്പ് ലോക അത്ലറ്റിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ 16-ാം റാങ്കിലായിരുന്ന താരം 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേകെത്തുകയായിരുന്നു. ടോക്യോയിൽ വമ്പൻ പേരുകാരെ പിന്തള്ളി സ്വർണമണിഞ്ഞ 23-കാരന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്.
1315 പോയന്റോടെയാണ് ചോപ്ര രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. 1396 പോയന്റുമായി ജർമനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. 2021-ൽ ഏഴു തവണ 90 മീറ്ററിലേറെ ദൂരം കണ്ടെത്തിയ താരമാണ് വെറ്റർ. പക്ഷേ ടോക്യോയിൽ ആ പ്രകടനം പുറത്തെടുക്കാൻ വെറ്ററിനായില്ല.
ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് ചോപ്ര ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആന്റ് ഫീൽഡ് അത്ലറ്റെന്ന നേട്ടം സ്വന്തമാക്കിയത്. 2000-ലെ സിഡ്നി ഒളിമ്പിക്സിന് ശേഷം ഫൈനലിൽ സ്വർണ മെഡലിലേക്കുള്ള നാലാമത്തെ മികച്ച ദൂരമാണിത്.
പുരുഷ ജാവലിൻ ലോക അത്ലറ്റിക്സ് റാങ്കിങ് (ഓഗസ്റ്റ് 10 വരെ)
- ജോഹന്നാസ് വെറ്റർ – 1396 പോയിന്റ്
- നീരജ് ചോപ്ര – 1315 പോയിന്റ്
- മാർസിൻ ക്രുക്കോവ്സ്കി – 1302 പോയിന്റ്
- യാക്കൂബ് വാഡ്ലെച്ച് – 1298 പോയിന്റ്
- ജൂലിയൻ വെബർ – 1291 പോയിന്റ്