പാരിസ്: പൊട്ടി കരഞ്ഞുകൊണ്ടാണ് 21 വര്‍ഷത്തെ ബാഴ്‌സയുമായുള്ള ബന്ധത്തിന് അർജൻറീന താരം മെസി വിരാമമിട്ടത്. മെസിയുടെ കരാര്‍ പുതുക്കുന്നതിന് ലാ ലിഗ നിയമങ്ങള്‍ എതിരായതോടെയാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് മെസി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടത്. വലിയ സ്വീകരണമാണ് മെസിക്ക് പാരീസില്‍ ലഭിച്ചത്. താരത്തെ കാണാന്‍ നിരവധി പേര്‍ തെരുവില്‍ തടിച്ചുകൂടി.
മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനവും വര്‍ധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മെസി. പാരീസില്‍ സന്തോഷവാനാണെന്നാണ് മെസി പറയുന്നത്. ”ബാഴ്‌സ വിടേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്. എത്തേണ്ട സ്ഥനത്ത് തന്നെയാണ് ഞാന്‍ വന്നുചേര്‍ന്നിക്കുന്നത്. ഇവിടെ ഞാന്‍ ഏറെ സന്തോഷവാനാണ്. പിഎസ്ജിക്കൊപ്പം ഒരു ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം.
ബ്രസീലിയന്‍ താരവും അടുത്ത സുഹൃത്തുമായ നെയ്മറിന്റെ സാന്നിധ്യവും എന്നെ പിഎസ്ജി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. അതോടൊപ്പം ദേശീയ ടീമില്‍ കളിക്കുന്ന ലിയാന്‍ഡ്രോ പെരഡസ്, എയ്ഞ്ചല്‍ ഡി മരിയ എന്നിവരും പിഎസ്ജിക്കൊപ്പമുണ്ട്.” മെസി വ്യക്തമാക്കി.
രണ്ട് വര്‍ഷത്തേക്കാണ് മെസി പിഎസ്ജിക്കൊപ്പം കരാറില്‍ ഏര്‍പ്പെട്ടത്. ആവശ്യമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണയും വഴുതിപോയ ചാംപ്യന്‍സ് ലീഗ് കിരീടം തന്നെയാണ് പിഎസ്ജിയുടെ ലക്ഷ്യം.