ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രധാന അറിയിപ്പ്.
യുഎഇയിലേക്കുള്ള പ്രവേശന നിബന്ധനകളില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. ഇതിനായുള്ള ടെസ്റ്റ് കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും.
പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ടെസ്റ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. 48 മണിക്കൂറിനിടെ എടുത്ത ആര്‍.ടി പി.സി.ആര്‍ പരിശോധനയ്‍ക്ക് പുറമെ യാത്ര പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലവും നെഗറ്റീവായാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.