മുഖ്യമന്ത്രി തന്നെ നേരിട്ട് ഡോളർ കടത്തിയെന്ന് സ്വപ്നയുടെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്.

2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അൽദൗഖി കറൻസി എത്തിച്ചു നൽകി. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി.

പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കർ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്‍റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.