ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ

ശ്രീനഗർ : ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ സബ് എഡിറ്റർ ആദിൽ ഫാറൂഖ് ആണ് അറസ്റ്റിലായത്. രണ്ട് ഗ്രനേഡുകളും ഉപയോഗ ക്ഷമമാണെന്ന് പോലീസ് കണ്ടെത്തി. ആമിര കദൽ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇയാൾ ഗ്രനേഡുകളുമായി അറസ്റ്റിലായത്.

തെക്കൻ കശ്മീരിലെ പാം‌മ്പോർ സ്വദേശിയാണ് 26 കാരനായ ആദിൽ ഫാറൂഖ്. മാദ്ധ്യമ പ്രവർത്തകരടക്കം വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണ് ആദിൽ ഫാറൂഖെന്ന് പോലീസ് സംശയിക്കുന്നുണ്ട്. 2019 ലും തീവ്രവാദ പ്രവർത്തനം സംശയിച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഇയാൾക്കെതിരെ പൊതുസുരക്ഷ നിയമം ചുമത്തി കേസെടുത്തിരുന്നു.

ആദിൽ ഫാറൂഖിനായി അന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അന്ന് ആദിൽ ഫാറൂഖിനെ അറസ്റ്റ് ചെയ്തത്. ഭീകരർക്ക് ധനസഹായവും ഒളിത്താവളവുമൊരുക്കാൻ ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും അന്ന് കണ്ടെത്തിയിരുന്നു.