കിന്നൗര്‍: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മുപ്പതിലേറെപ്പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി സംശയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കിന്നൗറിലെ റെകോങ് പിയോയില്‍ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസടക്കമുള്ള വാഹനങ്ങളാണ് മണ്ണിടിച്ചിലില്‍ പെട്ടത്. ബസില്‍ മാത്രം നാല്‍പ്പത് യാത്രക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ബുധനാഴ്ച്ച ഉച്ചയോട് കൂടിയാണ് വന്‍ ദുരന്തമുണ്ടായത്.
ബസ് കൂടാതെ നിരവധി വാഹനങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആബിദ് ഹുസൈന്‍ സാദിഖ് പറഞ്ഞു. ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം പത്തുപേരെ നുഗുല്‍സാരി പ്രദേശത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഐടിബിപി ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, സിഐഎസ്എഫ്, പോലീസ് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ഹിമാചല്‍ മുഖ്യമന്ത്രി വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.