കൊച്ചി: കൊറോണ വാക്സിനേഷനില്‍ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ 55 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് വാക്‌സിനേഷന്‍ ശതമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ 42 ശതമാനം പേരാണ് വാക്‌സിന് സ്വീകരിച്ചത്.
സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന ഹര്‍ജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനമാണ്.
അതേസമയം കേരളത്തിന് അധിക ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ജൂലൈയില്‍ 60 ശതമാനം അധിക വാക്‌സിനാണ് കേരളത്തില്‍ എത്തിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
ജനസംഖ്യാ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 39,02,580 വാക്‌സിന്‍ ഡോസുകളാണ് കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 61,36,720 ഡോസുകള്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കി. കണക്ക് അനുസരിച്ച് ഇത് അറുപത് ശതമാനം അധികമാണെന്നും കേന്ദ്രം അറിയിച്ചു.കേരളത്തിനുള്ള വാക്‌സിന്‍ വിതരണം തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.