ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ്

ജനീവ: പടിഞ്ഞാറൻ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് സ്ഥീരികരിച്ചു. ഗിനിയയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തെക്കൻ ഗ്വാക്കൊഡോ പ്രവിശ്യയിൽ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോർട്ടിലാണ് മാർബർഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് വൈറസ് പടരാൻ സാധ്യത. വൈറസ് ബാധിതരായ ആളുകളുടെ ശരീര ദ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പകരും. രോഗം പിടിപെടുന്നവരിൽ മരണസാധ്യത 24 ശതമാനം മുതൽ 88 ശതമാനം വരെയാണെന്നാണ് പഠന റിപ്പോർട്ടുകൾ.

വൈറസ് സ്ഥിരീകരിക്കപ്പെട്ട മേഖലയിലും ഗിനിയയിലും രോഗഭീഷണി വളരെയധികമാണ്. എന്നാൽ ആഗോള തലത്തിൽ ഇത് വലിയ ഭീഷണിയുണ്ടാക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതൽ രോഗബാധിതരുണ്ടോയെന്നും തിരിച്ചറിയാനുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഡബ്യുഎച്ച്ഒ അറിയിച്ചു.

ഗിനിയയിൽ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങൾക്കകമാണ് കൂടുതൽ അപകടകാരിയായ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇതാദ്യമായാണ് മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലാണ് നേരത്തെ മാർബർ വൈറസ് സ്ഥിരീകരിച്ചിരുന്നത്.

പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥത എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.