കണ്ണൂര്‍: ഇ ബുൾജെറ്റ് വ്ളോഗർമാർ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടി. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി അതിവേഗത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ഇവർതന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറുമെന്ന് കണ്ണൂർ കമ്മീഷണർ അറിയിച്ചു.
വാൻ ലൈഫ് യാത്രയുടെ ഭാഗമായി ബിഹാറിലാണ് ആംബുലൻസ് എന്ന വ്യാജേന അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന് പരിഭ്രാന്തി പരത്തിയാണ് വാഹനമോടിക്കുന്നത്. മുഴുവൻ സമയവും സൈറണും എയർഹോണും മുഴക്കുന്നു. പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി അപകടകരമായ യാത്രയ്ക്ക് തത്സമയ കമന്ററിയുമുണ്ട്.
ഗുരുതരമായ കുറ്റകൃത്യമാണെന്നും നിയമ നടപടിക്കായി വീഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ യൂട്യൂബിൽ നിന്നും ഇവരത് നീക്കം ചെയ്തിട്ടുണ്ട്.
അതിനിടെ ആർടി ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇവർക്ക് ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്‌ലോഗര്‍ സഹോദരന്‍മാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന കാരവന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഒൻപതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.
ഇ ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അപ്ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വിസ്റ്റ് നല്‍കിയിട്ടുണ്ട്.
ആർടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.