കൊച്ചി: കേരളത്തിന്റെ അഭിമാന താരം പിആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് വ്യവസായി ഡോ. ഷംഷീര്‍ വയലില്‍. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് മെഡല്‍ നേടുന്നതില്‍ നിര്‍ണായക പ്രകടനംകാഴ്ച വെച്ചതിന് ഒരു കോടി രൂപയാണ് അദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചത്.
പ്രവാസി സംരംഭകന് ആയ ഷംഷീര്‍ വയലില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ മകളുടെ ഭര്‍ത്താവാണ്. ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ട്വിറ്ററിലൂടെയും അദ്ദേഹം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഒളിമ്പിക്സില്‍ വെങ്കലം നേടാന്‍ ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി. ശ്രീജേഷിന്റെ സംഭാവനക്കുള്ള അംഗീകാരമായാണ് തുക നല്‍കുന്നതെന്നായിരുന്നു പ്രഖ്യാപനം.
യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. ഒരു കോടി രൂപ പാരിതോഷികം ലഭിക്കുന്നത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും. ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ എന്നുമായിരുന്നു’ ശ്രീജേഷിന്റെ പ്രതികരണം. സന്തോഷം പങ്കു വെക്കാനും അദ്ദേഹം മറന്നില്ല. ബിസിസിഐ ഉള്‍പ്പെടെ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഡോ. ഷംഷീര്‍ വയലിന്റെ പ്രഖ്യാപനമെത്തുന്നതെന്നാണ് ശ്രദ്ധേയം. പത്മശ്രീ പുരസ്കാര ജേതാവാണ് ശ്രീജേഷ്. 2016 ല്‍ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിമ്പിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.