തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി. സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു. രണ്ടായിരം രൂപ പിഴയായി വാങ്ങിയ ശേഷം അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി.
ഇന്നലെ രാവിലെയാണ് സംഭവം. കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.
കൈവശം പണമില്ലാത്തതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നൽകിയത് 500 രൂപ രസീതാണെന്നും വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീൻ പറയുന്നു. ഇതെ തുടർന്നാണ് ഇക്കാര്യം വിവാദമായത്.