തിരുവനന്തപുരം: കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണയും ന്യൂമോണിയയും ബാധിച്ചതോടെ ശരണ്യയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിന് പ്രതീകമായിരുന്നു ശരണ്യ.
കഴിഞ്ഞ മെയിലാണ് ശരണ്യക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ന്യൂമോണിയയും പിടിപെട്ടിരുന്നു. കൊറോണ മുക്തയായെങ്കിലും വീണ്ടും ക്യാന്‍സര്‍ ബാധിതയായതും താരത്തിന്റെ ആരോഗ്യ സ്ഥിതി വഷളാക്കി.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് അവര്‍ ശ്രദ്ധനേടിയത്.
അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ശരണ്യയ്ക്കും അമ്മയ്ക്കും കൊറോണ ബാധിച്ചത്. ഇതോടെയാണ് ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കൊറോണ ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്.2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്.
നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ – സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.