ന്യൂഡെൽഹി: അത് ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയതിന് ഹരിയാന സർക്കാർ നീരജ് ചോപ്രയ്ക്ക് ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചു.
ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയതിനാണ് ചോപ്രയ്ക്ക് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ 6 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി. തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ ശ്രമത്തിൽ തന്നെ താരം 87.03 മീറ്റർ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടിൽ കണ്ടെത്തിയ ദൂരത്തേക്കാൾ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തിൽ തന്നെ ഇന്ത്യൻ താരം കണ്ടെത്തിയത്. ആദ്യ റൗണ്ടിൽ നീരജ് തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുൻപ്ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 88 മീറ്റർ പിന്നിട്ടിരുന്നു. 88.06 മീറ്റർ എറിഞ്ഞാണ് അന്ന് സ്വർണമണിഞ്ഞത്.