ഇനി ‘മിശിഹ’യില്ലാത്ത ബാഴ്‌സ; മെസ്സിയുടെ പിന്‍വാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ക്ലബ്

റൊസാരിയോ: ഒടുവില്‍ ബാഴ്‌സ തന്നെ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ മിശിഹ ക്ലബ് വിടുന്നു. ആരാധകരെയും ഫുട്‌ബോള്‍ ലോകത്തേയും സങ്കടത്തിലാഴ്ത്തിയാണ് നീണ്ട 21 വര്‍ഷത്തെ ബാഴ്‌സയുമായുള്ള ബന്ധം മെസ്സി അവസാനിപ്പിക്കുന്നത്.

ബാഴ്‌സയുമായി മെസ്സി കരാര്‍ പുതുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇപ്പോള്‍ താരം ക്ലബ്ബ് വിടുകയാണെന്ന് ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. വാര്‍ത്താകുറിപ്പിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാഴ്‌സയ്ക്കായി ഇക്കാലമത്രയും നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി എന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്‌സയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും അടുത്ത 5 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയേക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് മെസ്സി പൂര്‍ണമായും ക്ലബ്ബ് വിടുകയാണെന്ന സ്ഥിരീകരണം. ബാഴ്‌സയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതും ഏറ്റവുമധികം ഗോളുകള്‍ നേടിയതും മെസ്സിയാണ്. 778 മത്സരങ്ങളില്‍ നിന്നുമായി 6782 ഗോളുകളാണ് മെസ്സി നേടിയത്.

കരിയറിലുടനീളം ഒരു ക്ലബ്ബില്‍ മാത്രമായി കളിക്കുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളായി മാറുമെന്ന ആരാധകരുടെ സ്വപ്‌നമാണ് ബാഴ്‌സ വിടാനുള്ള മെസ്സിയുടെ തീരുമാനത്തോടെ ഇല്ലാതെയായത്. എഎസ് റോമയുടെ ടോട്ടി തന്റെ കരിയറിലുടനീളം ഇത്തരത്തില്‍ ഒരു ക്ലബ്ബിനായി മാത്രം ബൂട്ടണിഞ്ഞ കളിക്കാരനായിരുന്നു.

13ാം വയസ്സിലാണ് മെസ്സി ബാഴ്‌സയിലെത്തുന്നത്. അവിടുന്നിങ്ങോട്ട് ബാഴ്‌സയ്ക്കായി മാത്രമാണ് മെസ്സി ബൂട്ടണിഞ്ഞത്. ബാഴ്‌സയുടെ 10 ലാ ലീഗാ കിരീടങ്ങളിലും 3 സൂപ്പര്‍ കപ്പിലുമടക്കം ഒട്ടേറെ കിരീടനേട്ടങ്ങള്‍ക്ക് പിന്നില്‍ മെസ്സിയുടെ ബൂട്ടുകളായിരുന്നു.

അതേസമയം മെസ്സിയെ പോലൊരു കളിക്കാരനെ സ്വന്തമാക്കാനുള്ള അവസരമാണ് യൂറോപ്യന്‍ ഫുട്ബോളിലെ പല വമ്പന്‍മാര്‍ക്കും വന്നു ചേര്‍ന്നിട്ടുള്ളത്. ബാഴ്‌സയുടെ മുന്‍ കോച്ച് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി എന്നിവരാണ് മെസിയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ നിലവില്‍ മുന്നിലുള്ളത്.

എന്നാല്‍ മെസിയെപോലുള്ള ഒരു വലിയ താരത്തെ വിലയ്ക്ക് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല യൂറോപ്പിലെ പല ക്ലബ്ബുകളും. പിഎസ്ജിക്ക് മെസിയെ സ്വന്തമാക്കാനുള്ള പണക്കൊഴുപ്പുണ്ടെങ്കിലും ഫ്രാന്‍സിലെ നികുതി നിയമങ്ങള്‍ മെസിയുടെ പിഎസ്ജി പ്രവേശത്തിന് പ്രതിബന്ധം തീര്‍ക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

പ്രതിവര്‍ഷം മെസിക്ക് 30 മില്യണ്‍ യൂറോ പിഎസ്ജി നല്‍കേണ്ടിവന്നാല്‍ അതവരുടെ ചെലവ് ഉയര്‍ത്തും. മെസുമായി കരാറിലെത്തിയാല്‍ ഒരു സീസണില്‍ 70 മില്യണ്‍ യൂറോ പിഎസ്ജിക്ക് ചെലവിടേണ്ടതായും വരും. അതിനാല്‍ ഇനി മെസ്സി ആര്‍ക്ക് സ്വന്തമാകുമെന്നുള്ളത് കാത്തിരുന്നു കാണാം.