സിഗ്നൽ അറിയില്ല; മതിയായ യോഗ്യതയും ഇല്ല; വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി ഡ്രൈവിംഗ് സ്‍കൂളുകള്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകരിൽ ഗതാഗത സിഗ്നലുകളെക്കുറിച്ചുപോലും അറിയില്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ സേഫ് ഡ്രൈവ് എന്നപേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ, അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അംഗീകൃത പരിശീലകർ ഇല്ലാതെയും ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി.

സിഗ്നലുകൾ, എൻജിൻ, ഗിയർബോക്സ് മാതൃകകൾ എന്നിവ മിക്ക സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റിനും പരിശീലനത്തിനും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മതിയായ രേഖകളില്ലായിരുന്നു. അംഗീകൃത പരിശീലകർ സ്ഥലത്തുണ്ടായിരുന്നില്ല. ചില ടെസ്റ്റിങ് ഗ്രൗണ്ടുകളിൽ ഒരു ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ടെസ്റ്റിന് എത്തുന്നവരിൽനിന്ന് ഈ വാഹനം ഉപയോഗിക്കാൻ പ്രത്യേകം ഫീസ് വാങ്ങിയിരുന്നു. ചില വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നില്ല. മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിങ് സ്കൂളുകളിൽ നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തി.

പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ സ്കൂളുകളിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലായിരുന്നു. കൊല്ലം ജില്ലയിലെ ചില ഡ്രൈവിങ് സ്കൂളുകളിൽ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു. പത്തനംതിട്ട പുളിക്കീഴിൽ വിജിലൻസ് സംഘം എത്തുമ്പോൾ പരിശീലകൻ മദ്യപിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ ഗതാഗതസിഗ്നലുകൾ തിരിച്ചറിയാത്ത പരിശീലകനെ വിജിലൻസ് പിടികൂടി.

വിജിലൻസ് ഇൻസ്പെക്ടർ ജനറൽ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ട് കെഇ ബൈജു, വിജിലൻസ് തെക്കൻ മേഖലാ പോലീസ് സൂപ്രണ്ട് ജയശങ്കർ, മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖലാ പോലീസ് സൂപ്രണ്ട് വിനോദ് കുമാർ, വടക്കൻ മേഖലാ പോലീസ് സൂപ്രണ്ട് സജീവൻ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.