ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാർ മരിച്ചു

കോയമ്പത്തൂർ: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മേട്ടുപ്പാളയം അന്നൂർ റോഡിൽ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമാണ് അപകടം നടന്നത്. കാരമട പെരിയ പുത്തൂർ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകൾ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീൻ, സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്.

ആടിപെരുക്ക് ദിനത്തിൽ മെട്ടി(മിഞ്ചി അഥവാ കാൽവിരലിൽ ധരിക്കുന്ന ധരിക്കുന്ന ആഭരണം) വാങ്ങി നൽകാനായി മേട്ടുപ്പാളയത്തേക്ക് വരാൻ പ്രിയങ്കയോട് അജിത്ത് പറഞ്ഞിരുന്നു. ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കയ്ക്കൊപ്പം വീട്ടുകാർ അയച്ചിരുന്നു. പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നൽകിയ ശേഷം വീട്ടിലേക്ക് ബൈക്കിൽ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടർന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കിൽ കയറി.

പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമെത്തിയപ്പോളാണ് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മറ്റു മൂവരും ചികിത്സയിലാണ്.

പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് മകളുടെ വിയോഗം. ഇദ്ദേഹത്തിന്റെ നാലു പെൺമക്കളിൽ മൂന്നാമത്തെ ആളാണ് പ്രിയങ്ക. കറുപ്പസ്വാമിക്ക് സുഖമില്ലാത്തതിനാൽ വിവാഹം പെട്ടെന്ന് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ സെപ്തംബർ പത്തിനാണ് മുഹൂർത്തം നിശ്ചയിച്ചിരുന്നത്.

തമിഴ്നാട്ടിൽ ആടി പെരുക്ക് ദിവസം വിശേഷദിവസം ആയതിനാൽ അജിത്ത് വിളിച്ചപ്പോൾ വീട്ടുകാർ പ്രിയങ്കയെ അയക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്.