കൊച്ചി: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യ നേടിയ വെങ്കല മെഡല്‍ കേരളത്തിലുമെത്തും. ഗോള്‍ വലയ്ക്കു കീഴില്‍ വന്‍മതിലായി നിന്ന് പി ആര്‍ ശ്രീജേഷ് എന്ന അതുല്യ താരം കാഴ്ചവച്ച ഉജ്ജ്വല പ്രകടനം വെങ്കല മെഡല്‍ പോരാട്ടത്തിലും നിര്‍ണായകമായി. മത്സരം കഴിഞ്ഞയുടന്‍ ശ്രീജേഷിന് കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് അര്‍ഹതക്കുള്ള അംഗീകാരമായി. കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീജേഷിന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജര്‍മനിക്ക് ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ നിന്നുള്ള ഷോട്ട് ശ്രീജേഷ് തട്ടിയകറ്റിയത് അത്യന്തം ആവേശത്തോടെയാണ് ഇന്ത്യന്‍ കായിക ലോകം വീക്ഷിച്ചത്. ജര്‍മനിക്ക് സമനില പിടിക്കാനുള്ള അവസരം വിഫലമാക്കിയ ശ്രീജേഷ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ടീമിനെ സെമിയിലെത്തിക്കുന്നതില്‍ വലിയ പങ്കാണ് ശ്രീജേഷ് വഹിച്ചത്. മുന്‍ മത്സരങ്ങളിലും താരത്തിന്റെ സേവുകള്‍ ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ജര്‍മനിയുടെ ഗോളെന്നുറച്ച ആറോളം നീക്കങ്ങളാണ് ശ്രീജേഷ് തകര്‍ത്തത്. കേരളത്തിലേക്ക് ഒളിമ്പിക് ഹോക്കി മെഡല്‍ കൊണ്ടുവരുന്ന രണ്ടാമത്തെ താരമാണ് ശ്രീജേഷ്. ഇതിനു മുമ്പ് 1972ലെ ഹോക്കി ടീമംഗം മാനുവല്‍ ഫെഡ്രിക് ആണ് ഹോക്കി ഒളിമ്പിക് മെഡല്‍ ആദ്യം കേരളത്തിലെത്തിച്ചത്.
എറണാകുളം കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മെയ് എട്ടിനാണ് പട്ടത്ത് രവീന്ദ്രന്‍ ശ്രീജേഷ് എന്ന പി ആര്‍ ശ്രീജേഷിന്റെ ജനനം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ഹോക്കി ടീം അംഗവും 2016ലെ റിയോ ഒളിമ്പിക്‌സ് ഹോക്കി ടീം നായകനുമായിരുന്ന ശ്രീജേഷിന് 2015ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചു. മുന്‍ ലോങ്ജമ്പ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ശ്രീജേഷിന്റെ ഭാര്യ.
ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിനെ സംസ്ഥാന കായിക മന്ത്രി വി അബ്ദുര്‍റഹിമാന്‍ അഭിനന്ദിച്ചു. ശ്രീജേഷിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രകടനം സന്തോഷം തരുന്നതായിരുന്നു. വന്‍മതില്‍ തീര്‍ത്ത് ഇന്ത്യയെ കാത്തത് ശ്രീജേഷിന്റെ പ്രകടനം കൂടിയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണ് ശ്രീജേഷെന്നും മന്ത്രി പറഞ്ഞു.