ഇടുക്കി: കടബാധ്യത മൂലം മറ്റൊരു വ്യാപാരി കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായ കുഴിയാമ്പാട്ട ദാമോദരന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ലോക്ഡൗണില്‍ കച്ചവടം മുടങ്ങിയതോടെ കടംപെരുകിയെന്നും ഇവര്‍ പറയുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നും കടം വാങ്ങിയിരുന്നു.
തിരിച്ചടയ്ക്കാന്‍ പലരോടും ഇന്നലെ പണം ചോദിച്ചിരുന്നു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ കടയില്‍ എത്തിയ ദാമോദരന്‍ കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിക്കുകയായിരുന്നു.
വൈകിട്ട് കടയ്ക്കുള്ളില്‍ നിന്ന് ദാമോദരന്റെ ഞരക്കം കേട്ട് ഇതുവഴി വന്നവര്‍ ഷട്ടര്‍ ഉയര്‍ത്തി നോക്കുമ്പോഴാണ് ദാമോദരനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാസവും ജില്ലയില്‍ രണ്ടു വ്യാപാരികള്‍ ജീവനൊടുക്കിയിരുന്നു. കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ബിന്ദു പ്രദീപ് ജീവനൊടുക്കിയിരുന്നു. 44 കാരിയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.