പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ഇളവ് അനുവദിച്ചു

ദുബായ്: യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഇളവ്. താമസ വിസാ കാലാവധി അവസാനിക്കാത്തവര്‍ക്കും യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടുഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ആഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങിപ്പോകാം. മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഈ നടപടി ആശ്വാസകരമാകും.

ഇളവുകള്‍ പ്രകാരം യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും, യുഎഇയിലെ താമസകാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ യാത്ര ചെയ്യാന്‍ കഴിയും. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

ആസ്ട്രാസെനെക്ക രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. പാസ്‌പോര്‍ട്ടിന്റെ നമ്പറും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച്‌ പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതിയുള്ളു.