ടോക്യോ : ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ഇറങ്ങും. സെമിയില്‍ കരുത്തരും നിലവിലെ ലോക ഒന്നാം നമ്പറുകാരുമായ ബെല്‍ജിയമാണ് എതിരാളികള്‍. 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെമിയിലെത്തിയ ഇന്ത്യയ്ക്ക് ബെല്‍ജിയത്തെ തോല്‍പ്പിക്കാനായാല്‍ മെഡലുറപ്പിക്കാം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരവും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ഗ്രൂപ്പ് റൗണ്ടില്‍ 26 തവണയാണ് ബെല്‍ജിയം എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്.
നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും യൂറോപ്യന്‍ ചാമ്പ്യന്മാരായ ബെല്‍ജിയം ആണ്. 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയും ബെല്‍ജിയവും ഏറ്റുമുട്ടിയപ്പോള്‍ 3-1 ന് ബെല്‍ജിയത്തിനായിരുന്നു വിജയം.
അതേസമയം 2019 ലെ യൂറോപ്യന്‍ പര്യടനത്തില്‍ ബെല്‍ജിയത്തെ 3-0 ന് തോല്‍പ്പിച്ച് പരമ്പര തൂത്തുവാരിയ ചരിത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നത്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ ഇടംനേടിയത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മികവും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു.