ഭീകരന് ഒളിമ്പിക്സിൽ സ്വര്‍ണം; ഇറാനിയന്‍ താരം ജവാദ് ഫാറൂഖിക്കെതിരെ പ്രതിഷേധം

ടോക്കിയോ: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ഇറാനിയന്‍ താരം ജവാദ് ഫാറൂഖിക്കെതിരെ പ്രതിഷേധം ഉയരുന്നു. 2019-ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) എന്ന സംഘടനയിലെ അംഗമാണ് ജവാദ് ഫാറൂഖി എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഒരു ഭീകരവാദി എങ്ങനെയാണ് സ്വര്‍ണം നേടുക എന്നും അത് പരിഹാസ്യമായ കാര്യമാണെന്നും കൊറിയയുടെ ഷൂട്ടിങ് താരം ജിങ് ജോങ് ഓഹ് ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ ഇറാനില്‍ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച്‌ തൂക്കിലേറ്റിയ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്നവരും ജവാദ്‌ ഫാറൂഖിക്കെതിരേ രംഗത്തെത്തി.

41-കാരനായ ഫാറൂഖി വര്‍ഷങ്ങളായി ഐആര്‍ജിസിയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനയാണ് ഐആര്‍ജിസിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒളിമ്പിക് കമ്മിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.