ന്യൂഡെല്‍ഹി: സിബിഎസ്‌ഇ 3,5,8 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്താന്‍ പുതിയ മൂല്യനിര്‍ണയ സംവിധാനം നടപ്പാക്കുന്നു. ഭാഷ, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ എത്രത്തോളം അറിവ് സമ്പാദിച്ചെന്നു പരിശോധിക്കുകയാണു ലക്ഷ്യം.
‘സഫല്‍’ (സ്ട്രക്ചേഡ് അസസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിങ്) എന്നാണ് പുതിയ പദ്ധതിയുടെ പേര്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ഒന്നാം വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 10 പദ്ധതികളില്‍ ഒന്നാണ് സഫല്‍. ഇത് വാര്‍ഷിക പരീക്ഷയല്ലെന്നും ഫലം ക്ലാസ് കയറ്റത്തെ ബാധിക്കില്ലെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി സ്കൂളുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒന്നാം ക്ലാസിനു മുന്‍പുള്ള പഠനപരിശീലനമായി ‘വിദ്യാപ്രവേശ്’, മള്‍ട്ടിഡിസിപ്ലിനറി പഠനം ലക്ഷ്യമിട്ടുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്, മുതിര്‍ന്നവരെക്കൂടി ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഫോര്‍ ഓള്‍, രാജ്യമെങ്ങും ഏകീകൃത ആംഗ്യഭാഷ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു ചില പദ്ധതികള്‍.