സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ; 99.37 ശതമാനം വിജയം

ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 99.37. ആൺ കുട്ടികളുടെ വിജയ ശതമാനം 99.13 വും പെൺകുട്ടികളുടെ വിജയ ശതമാനം 99.67 വുമാണ്. 12.96 ലക്ഷം വിദ്യാർത്ഥികൾ ജയിച്ചു. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. ഫലം പരിശോധിക്കാൻ cbseresults.nic.in, cbse.gov.in, digilocker.gov.in, എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. ഇതിന് പുറമെ ഡിജിലോക്കർ ആപ്പ്, ഉമംഗ് ആപ്പ്, ഐ.വി.ആർ.എസ് എന്നീ വഴികളിലൂടെയും ഫലമറിയാം.

ഇത്തവണ പരീക്ഷ റദ്ദാക്കിയതിനാൽ വിദ്യാർത്ഥികൾക്ക് റോൾ നമ്പർ ലഭിച്ചിരുന്നില്ല. എന്നാൽ ഫലം പരിശോധിക്കാനുള്ള റോൾ നമ്പർ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിയും. ഇതിനായുള്ള സൗകര്യം ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ ആക്ടിവേറ്റ് ചെയ്തിരുന്നു.

കൊറോണയുടെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയതിനാൽ പ്രത്യേകം മാനദണ്ഡങ്ങൾ പ്രകാരമാണ് മൂല്യനിർണയം. തീയറി പേപ്പർ മൂല്യനിർണയത്തിൽ 30 ശതമാനം പത്താം ക്ലാസ് മാർക്കിനും, 30 ശതമാനം പതിനൊന്നാം ക്ലാസ് മാർക്കിനും ബാക്കിയുള്ള 40 ശതമാനം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ മാർക്കിനും വെയിറ്റേജ് നൽകിയാണ് പരിഗണിക്കുന്നത്. സിബിഎസ്ഇയുടെ ഈ മൂല്യനിർണയത്തിൽ താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനും അവസരം നൽകും.

2020ൽ 88.78 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചത്. 2019നെ അപേക്ഷിച്ച് 5.38 ശതമാനം കൂടുതലായിരുന്നു ഇത്. 2020ൽ 92.15 ശതമാനം പെൺകുട്ടികളും 86.19 ആൺകുട്ടികളും ജയിച്ചു.

പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ച് പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണ് പരിഗണിക്കുകയെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മാനദണ്ഡത്തിൽ നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.