തിരുവനന്തപുരം: എടിഎം മെഷീൻ വെട്ടിപ്പൊളിച്ച് പണം കൊള്ളയടിക്കാൻ ശ്രമിച്ചവർ പിടിയിൽ. ചിറയിൻകീഴ് ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡിനു സമീപത്തെ ഇന്ത്യ വൺ എടിഎം മെഷീനാണ് കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മെഷീനിൽ പണം നിറയ്ക്കാനെത്തിയ ഏജൻസി ജീവനക്കാരാണ് എടിഎം വെട്ടിപ്പൊളിക്കുന്നതുകണ്ടത്.
അറ്റകുറ്റപ്പണിക്കെന്ന വ്യാജേനയെത്തിയ കവർച്ചക്കാർ രാവിലെ ഒൻപതുമണിയോടെ എടിഎം കൗണ്ടറിൽ കയറി ഷട്ടറിട്ട് യന്ത്രം പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞദിവസം രാവിലെ ഒൻപതുമണിയോടെ വ്യാജ നമ്പർ പതിച്ചെത്തിയ രണ്ട് ബൈക്കുകളിലാണ് കവർച്ചക്കാർ എടിഎമ്മിലെത്തിയത്.
എടിഎം അറ്റകുറ്റപ്പണി നടത്തുന്നവരാണെന്നും മെഷീനിലുള്ള ബെൽറ്റ് പിടിച്ചിടാൻ വെട്ടുകത്തി വേണമെന്നും ഇവർ സമീപത്തെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് എടിഎമ്മിന്റെ ഷട്ടർ അകത്തുനിന്ന് വലിച്ചടച്ചശേഷം വെട്ടുകത്തികൊണ്ട് യന്ത്രം കുത്തിപ്പൊളിക്കാനാരംഭിച്ചു. വൈകീട്ടോടെ മെഷീനിൽ പണം നിറയ്ക്കുന്ന ഏജൻസി ജീവനക്കാർ എടിഎമ്മിന് മുന്നിലെത്തി അസാധാരണമായി ഷട്ടർ ഇട്ടിരിക്കുന്നതുകണ്ട് തുറന്നപ്പോഴാണ് മെഷീൻ കുത്തിപ്പൊളിക്കുന്നതുകണ്ടത്. ഉടൻതന്നെ ഷട്ടർ തിരികെയിട്ടശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ചമുതൽ എടിഎമ്മിൽ പണമില്ലാതിരുന്നതിനാൽ പണം നിറയ്ക്കാനാണ് ഏജൻസി ജീവനക്കാരെത്തിയത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാക്കളെ പോലീസിനു കൈമാറി. വ്യാജ നമ്പർപ്ലേറ്റുമായെത്തിയ ഇവരുടെ ബൈക്കും മോഷ്ടിച്ചതെന്നാണ് സൂചന. ചിറയിൻകീഴ് പോലീസെത്തി കവർച്ചക്കാരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.