ന്യൂഡെല്‍ഹി: ബിജെപിക്ക് എതിരായി മുന്നണി രൂപീകരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണിയുണ്ടായാല്‍ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഇതിന്റെ ഭാഗമായി ഡെല്‍ഹിയിലെത്തിയിരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. താനൊരു രാഷ്ട്രീയ ജ്യോതിഷിയല്ല, അതിനാല്‍ മുന്നണിയെ ആര് നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല, എല്ലാം സാഹചര്യം പോലെയിരിക്കുമെന്നാണ് മമത പറഞ്ഞത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് സോണിയ ഗാന്ധി കരുതുന്നതായാണ് തനിക്ക് തോന്നുന്നതെന്നും മമത പറഞ്ഞു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മമതയുടെ പ്രതികരണം. താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
ഡിഎംകെ എംപി കനിമൊഴിയുമായി മമത ഇന്ന് ചര്‍ച്ച നടത്തും. മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെയും കാണും. ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമതാ ബാനര്‍ജി ഡെല്‍ഹിയിലെത്തിയത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള മമതാ ബാനര്‍ജിയുടെ ആദ്യ ഡെല്‍ഹി യാത്രാണിത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ഐക്യമുന്നണി ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. സോണിയ ഗാന്ധിയുമായുള്ള കൂടികാഴ്ചയില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവും കൊറോണ സാഹചര്യവും അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മമതാ ബാനര്‍ജി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ അനിവാര്യമായ വിജയം നേടിയ ആത്മവിശ്വസത്തിലാണ് മമതാ ബനാര്‍ജി. ഈ വിജയം ദേശീയതലത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ബിജെപിയെ തോല്‍പിക്കുക എന്ന ഏക ലക്ഷ്യത്തോടെ ഒന്നിക്കണമെന്ന സന്ദേശമാണു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു മമത നല്‍കുന്നതും.
നേതൃസ്ഥാനം തനിക്ക് വിഷയമല്ലെന്ന് പറയുന്ന മമത സോണിയ,ശരദ് പവാര്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി ബിജെപിക്കെതിരെ പൊരുതാനുള്ള ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്.