ടോക്യോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഹോങ്കോങ്ങിന്റെ ചെയൂംഗ് നാന്‍യിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-9, 21-16. ആദ്യ സെറ്റ് അനായാസം കീഴടക്കിയ സിന്ധു രണ്ടാം സെറ്റില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഒന്ന് പിന്നിലായത്.
ആദ്യ സെറ്റ് 21-9 എന്ന നിലയില്‍ മികച്ച ലീഡുമായി സിന്ധു സ്വന്തമാക്കി. ശക്തമായ മത്സരം നേരിടേണ്ടിവന്ന രണ്ടാം സെറ്റ് 21-16 എന്ന നിലയിലാണ് അവസാനിച്ചത്. രണ്ട് മത്സരവും ജയിച്ച് ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്.
ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇസ്രയേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ച് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധു തുടക്കം ഗംഭീരമാക്കിയിരുന്നു.പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെയാണ് സിന്ധു നേരിടുക. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു.
അതേസമയം, ഇന്ന് നടന്ന വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. ബ്രിട്ടണ്‍ 4-1നാണ് ഇന്ത്യയെ തകര്‍ത്തത്. പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ് പുറത്തായി. ഇസ്രയേലിന്റെ ഇറ്റയ് ഷാനിയോട് 6-5നാണ് താരം പരാജയപ്പെട്ടത്.