നിയമസഭാ കൈയാങ്കളി കേസിലെ തെറ്റിനെയും ശരിയെയും പറ്റി പ്രതികരിക്കുന്നില്ലെന്ന് ജോസ് കെ മാണി; നിയമസഭ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: വിഡി സതീശൻ

കോട്ടയം: നിയമസഭാ കൈയാങ്കളി കേസിലെ തെറ്റിനെയും ശരിയെയും പറ്റി പ്രതികരിക്കുന്നില്ലെന്ന് ജോസ് കെ മാണി. കേസിലെ സുപ്രിം കോടതി വിധി പുറത്തുവന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. അന്നുണ്ടായ സംഭവങ്ങളും അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളുമുണ്ടായി. അവസാന വിധിയല്ല ഇത്. ഇതിന്റെ മെറിറ്റ്‌സിലേക്ക് ഇനിയാണ് കടക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.

വിചാരണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ പ്രധാനമായും കോടതിയെ സമീപിച്ചത്. കേരളാ കോണ്‍ഗ്രസ് മാസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയമാണിത്. ഇനി ചര്‍ച്ചയില്ല. ഏത് സാഹചര്യത്തിലാണ് നിലപാട് എടുത്തിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രിംകോടതി സ്വീകരിച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സുപ്രിംകോടതി രൂക്ഷമായ വിമര്‍ശനം നടത്തി. നിയമസഭയില്‍ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു. നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണം. സുപ്രിംകോടതി തങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ്.

അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ വിധി പ്രഖ്യാപനത്തോട് കൂടി ഒരു മന്ത്രിയും ഒരു എംഎല്‍എയും ഉള്‍പ്പെടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമസഭ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിരാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം രാജി വച്ചില്ലെങ്കില്‍ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ്.