Home National ബസവരാജ് ബൊമ്മ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബസവരാജ് ബൊമ്മ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0

ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് മുമ്പാകെയാണ് ബസവരാജ് ബൊമ്മ സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പയുടെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മ കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ്.

മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് കര്‍ണ്ണാടക ഹുബ്ബള്ളിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള തീരുമാനം എടുത്തത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നേതൃത്വം നല്‍കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് യെദ്യൂരപ്പ തന്നെയാണ് നിര്‍ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ പേര് അംഗീകരിക്കുകയായിരുന്നു. മുഴുവന്‍ എംഎല്‍എമാരും തീരുമാനം അംഗീകരിച്ചതോടെ എതിര്‍പ്പില്ലാതെ അധികാര കൈമാറ്റം പൂര്‍ത്തിയാക്കാനായി.

മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ബസവരാജ് സോമപ്പ ബൊമ്മയ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 61 വയസ്സുണ്ട് അദ്ദേഹത്തിന്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദധാരിയും, വ്യവസായിയുമാണ് അദ്ദേഹം. ജനതാദളിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.2008ലാണ് അദ്ദേഹം ജനതാദള്‍ വിട്ട് ബിജെപിയിലെത്തുന്നത്. തുടര്‍ന്ന് ഹവേരിയില്‍ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലേക്ക് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here