ഫ്‌ളോറയുടെ സ്വര്‍ണ്ണ മെഡലിന് പത്തരമാറ്റ് തിളക്കം; പരിശീലകനോ സൈക്കിള്‍ മെക്കാനിക്കോ ഇല്ലാതെ പൊരുതി നേടിയ വിജയം

ടോക്യോ: ഓടിയും നീന്തിയും സൈക്കിള്‍ ചവിട്ടിയും ഫോള്‌റ ഡഫി എന്ന കായിക താരം നേടിയ ഒളിമ്പിക് മെഡലിന് പത്തരമാറ്റ് തിളക്കമാണ്. അതും ചെറു ദ്വീപായ ബെര്‍മുഡയ്ക്ക് അവരുടെ ആദ്യ സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ചാണ് ഫ്‌ളോറ ഒളിമ്പിക്‌സില്‍ താരമായത്.

ഒളിമ്പിക്‌സിലെ ഏറ്റവും ദുഷ്‌കരവും പ്രയാസകരവുമായ ഇനങ്ങളിലൊന്നായാണ് ട്രയാത്ലണിനെ കാണുന്നത്. 750 മീറ്റര്‍ നീന്തലും 20 കിലോമീറ്റര്‍ സൈക്ലിങ്ങും അഞ്ചു കിലോമീറ്റര്‍ ഓട്ടവും ചേരുന്നതാണ് ഈ മത്സരയിനം. മികച്ച ശാരീരിക ക്ഷമതയുള്ള താരങ്ങള്‍ക്കു മാത്രം മത്സരിച്ചു ജയിക്കാന്‍ കഴിയുന്ന ഒന്ന്.

ഈയിനത്തിലാണ് ടോക്യോയില്‍ ബെര്‍മുഡയില്‍ നിന്നുള്ള മുപ്പത്തി മൂന്നുകാരി ഫ്‌ളോറ ഡഫി ചരിത്രമെഴുതിയത്. പരിശീലിപ്പിക്കാന്‍ ഒരു കോച്ചോ, മത്സരത്തിനിടെ സൈക്കിളിന് കേടുപാട് പറ്റിയാല്‍ റിപ്പയര്‍ ചെയ്യാന്‍ ഒരു മെക്കാനിക്കോ ഇല്ലാതെയാണ് ഡഫിയുടെ ഈ നേട്ടമെന്നറിയുമ്പോഴാണ് അവര്‍ നേടിയ വിജയത്തിന്റെ മഹത്വമറിയുന്നത്.

ബര്‍മുഡയെന്ന കുഞ്ഞന്‍ ദ്വീപിന് ചരിത്രത്തിലെ ആദ്യ ഒളിമ്ബിക്സ് സ്വര്‍ണമാണ് ഫ്‌ളോറയിലൂടെ ലഭിച്ചത്. ട്രയാത്തലണിലെ പ്രമുഖ താരങ്ങളെയെല്ലാം പിന്തള്ളിയാണ് വെറും 70,000 മാത്രം ജനസംഖ്യയുള്ള രാജ്യത്തു നിന്ന് ഫ്ളോറയുടെ മിന്നുന്ന പ്രകടനം.

ഇന്നെല രാത്രിയിലെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കല്‍ മൂലം ദുഷ്‌കരമായ സാഹചര്യത്തില്‍ 15 മിനിറ്റോളം വൈകിയാണ് ഇന്നു രാവിലെ മത്സരം അരങ്ങേറിയത്. 18:32 മിനിറ്റില്‍ 750 മീറ്റര്‍ നീന്തിക്കയറി ഫ്ളോറ, ഒരു മണിക്കൂര്‍ രണ്ടു മിനിറ്റ് 49 സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ സൈക്ലിങ്ങും പൂര്‍ത്തിയാക്കിയ ശേഷം, 33:00 മിനിറ്റില്‍ അഞ്ചു കിലോമീറ്റര്‍ ഓടിയാണ് സ്വര്‍ണത്തിലേക്ക് എത്തിയത്.

ആകെ ഒരു മണിക്കൂര്‍ 55 മിനിറ്റ് 36 സെക്കന്‍ഡില്‍ ഫ്ളോറ ഫിനിഷിങ് ലൈന്‍ കടന്നു. ഫ്ളോറയുടെ നാലാം ഒളിമ്പിക്‌സായിരുന്നു ടോക്യോയിലേത്. 2008 ബീജിങ് ഒളിമ്പിക്‌സിലാണ് ആദ്യം മത്സരിച്ചത്. അന്ന് റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ടതിനേത്തുടര്‍ന്ന് 45-ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ ഫ്‌ളോരയ്ക്ക് കഴിഞ്ഞുള്ളു. 2016-ല്‍ പ്രകടനം അല്‍പംകൂടി മെച്ചപ്പെടുത്തിയ താരം 33-ാം സ്ഥാനത്ത് എത്തിയിരുന്നു. ടോക്യോയില്‍ അദ്ഭുത പ്രകടനം കാഴ്ചവച്ച ഫ്ളോറയ്ക്കു പിന്നില്‍ ബ്രിട്ടന്റെ വിഖ്യാത താരം ജോര്‍ജിയ ടൈലറിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ കെയ്റ്റി സഫെര്‍സ് വെങ്കലവും നേടി.