കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് രാത്രി നടക്കാനിരുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരം മാറ്റിവെച്ചു. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. നേരത്തെ ശ്രീലങ്കന്‍ ഒഫീഷ്യല്‍സിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏകദിന പരമ്പര നിശ്ചിത തീയതിക്കും വൈകിയാണ് ആരംഭിച്ചത്.
താരങ്ങളെല്ലാം കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചാണ് കഴിയുന്നത്. എന്നാല്‍ ക്രുനാലിന് രോഗബാധയുണ്ടായത് എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇടവേളകളില്‍ നടത്തുന്ന കൊറോണ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ താരങ്ങളെല്ലാം ക്വാറന്റൈനിലായി. പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
വ്യാഴാഴ്ചയാണ് മൂന്നാം മത്സരം നടക്കേണ്ടത്. രണ്ടാം മത്സരം വൈകിയാല്‍ ഈ മത്സരവും മാറ്റിവെക്കേണ്ടി വരും. ക്രുനാല്‍ പാണ്ഡ്യയുമായി അടുത്തിടപഴകിയ പൃഥ്വി ഷായും, സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള എട്ടു കളിക്കാര്‍ ക്വാറന്റൈനിലായതായാണ് റിപ്പോര്‍ട്ട്. ഇതോടെ പൃഥ്വി ഷായുടേയും, സൂര്യകുമാര്‍ യാദവിന്റേയും ഇംഗ്ലണ്ട് യാത്രയും അനിശ്ചിതത്വത്തിലായി.
ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരമായി ഇരുവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ നടക്കുന്ന കൊറോണ പരിശോധനയ്ക്കുശേഷം ഈ കളിക്കാര്‍ക്ക് രോഗബാധ കണ്ടെത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.