ന്യൂഡെൽഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗം പിന്നിട്ട ശേഷം നിരവധിപേരുടെ പ്രതിരോധശേഷി വർധിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധർ. നിരവധി പേർക്ക് വൈറസ് നേരത്തെ ബാധിച്ചതും, വാക്സിനേഷനുമാണ് ഇതിന് കാരണം. എന്നാൽ ഇക്കാരണം കൊണ്ട് ജാഗ്രത കുറയരുത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ രണ്ടാം തരംഗം പോലെയൊന്ന് ഇനി ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കേസുകൾ കുറയുന്ന സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതും അത്യാവശ്യമാണെന്ന് ഡെൽഹി എയിംസ് ഐസിയു തലവൻ ഡോക്ടർ യുദ്ധ്വീർ സിങ് അഭിപ്രായപ്പട്ടു. എന്നാൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് കേസുകൾ കുറഞ്ഞാലും കുറച്ച് കാലത്തേക്ക് കൂടി ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹി പോലുള്ള നഗരങ്ങളിൽ രണ്ടാം തരംഗത്തിൽ വലിയ അളവിൽ രോഗികളുടെ എണ്ണം വർധിച്ചത് അവിടെ ആർജ്ജിത പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേസുകൾ കുറഞ്ഞതുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാലുള്ള അപകടം എത്ര
വലുതാണെന്ന് മുൻപ് കണ്ടതാണെന്നും രണ്ടാം തരംഗത്തിലേത് പോലെ കേസുകൾ ഏത് സമയത്തും കുത്തനെ കൂടാമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾ മറക്കരുത്. അതോടൊപ്പം തന്നെ രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത് ജനങ്ങൾ വാക്സിനേഷൻ പ്രക്രിയയെ കുറച്ചുകൂടി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധർ പറയുന്നു.